മടക്കാൻ കഴിയുമ്പോൾ അറിയിക്ക് എന്ന് സാംസങ്; ഐഫോൺ 16 സിരീസും കുക്കും 'എയറി'ലാണ്

 


കാലിഫോര്‍ണിയ: ഐഫോൺ 16 സിരീസ് പുറത്തിറങ്ങിയതിന് പിന്നാലെ ട്രോളുമായി സാംസങ്. 'ഇത് മടക്കാൻ കഴിയുമ്പോൾ ഞങ്ങളെ അറിയിക്ക്' എന്നെഴുതിയ പോസ്റ്റ് വീണ്ടും ഷെയർ ചെയ്താണ് കമ്പനി ആപ്പിളിനെ കളിയാക്കിയിരിക്കുന്നത്. 2022ൽ കമ്പനി പങ്കുവെച്ച പോസ്റ്റാണിത്. ഇപ്പോഴും ആപ്പിളിന്‍റെ മടക്കും ഫോണിനായി ഞങ്ങൾ കാത്തിരിക്കുകയാണെന്നും സാംസങ് പറയുന്നുണ്ട്.   


   പ്രീമിയം സ്മാർട്ട്‌ഫോൺ എന്ന നിലയിൽ ഐഫോണിന് ആരാധകർ ഏറെയുണ്ട്. ഒരു കാലത്ത് നൂതനമായ ആശയങ്ങളുമായി എത്തിയിരുന്ന കമ്പനി ഐഫോൺ 16 സീരീസിനൊപ്പം അവതരിപ്പിച്ച ഫീച്ചറുകളിൽ ഭൂരിഭാഗവും ആൻഡ്രോയിഡ് നിർമാതാക്കൾ ഏതാനും വർഷങ്ങൾക്ക് മുമ്പ് തന്നെ തങ്ങളുടെ ഫോണുകളിൽ അവതരിപ്പിച്ചിരുന്നതാണ് എന്ന് കാണിച്ചാണ് ട്രോളുകളില്‍ ഏറെയും. ആപ്പിളിന്‍റെ വിപണിയിലെ എതിരാളിയായ സാംസങും ട്രോളി.  ഇതിന് മുൻപും ആപ്പിളിനെ കളിയാക്കി സാംസങ് രംഗത്തുവന്നിട്ടുണ്ട്. 

വിവിധ സംഗീതോപകരണങ്ങളും കലാ ഉപകരണങ്ങളും ഹൈഡ്രോളിക് പ്രസിൽ നശിപ്പിക്കുന്നതായി കാണിക്കുന്ന ആപ്പിളിന്‍റെ ഐപാഡ് പ്രോ പരസ്യം ഓർമ്മയില്ലേ?. ഇത്  വലിയ വിവാദങ്ങൾക്ക് തുടക്കമിട്ട സാഹചര്യത്തിലാണ് ആപ്പിളിന്‍റെ പരസ്യം നിർത്തിയ ഇടത്ത് നിന്ന് ആരംഭിക്കും വിധമുള്ള പുതിയ പരസ്യ വീഡിയോയുമായി സാംസങ് എത്തിയത്.  ആപ്പിൾ ഐഫോൺ 16 സിരീസ് പുറത്തിറങ്ങിയതിന് പിന്നാലെ സമൂഹമാധ്യമങ്ങളിൽ ട്രോളോട് ട്രോളാണ്. ട്രോൾ പേജുകളും എക്സിലെ യൂസർമാരുമാണ് ട്രോളുകളുമായി ആദ്യം രംഗത്തെത്തിയത്. ഇന്നോവേറ്റിവായി എന്തെങ്കിലും തരണമെന്ന് അഭ്യര്‍ഥിച്ച ഐഒഎസ് അടിമയ്ക്ക് ആപ്പിള്‍ സിഇഒ നല്‍കിയ ദാനമാണ് പൗസ് വീഡിയോ റെക്കോർഡിങ്ങും ആപ്പ് ലോക്കും എന്ന് തുടങ്ങി പഴയ നോക്കിയ മോഡലിന്‍റെ കോപ്പിയാണ് ക്യാമറ കൺട്രോൾ ബട്ടണെന്നും ചൂണ്ടിക്കാട്ടിയാണ് ട്രോളുകളേറെയും. ആപ്പിള്‍ സിഇഒ ടിം കുക്കിനെ കളിയാക്കിയാണ് ഏറെയും ട്രോളുകൾ ഇറങ്ങിയിരിക്കുന്നത്. പുതിയ ഐഫോൺ ഡിസൈനാണ് ട്രോളൻമാരുടെ പ്രചോദനം.   

Post a Comment

Previous Post Next Post