കടം വാങ്ങാം എളുപ്പത്തിൽ, യുഎല്‍ഐ എന്നാരംഭിക്കും; അറിയേണ്ടതെല്ലാം

 


വായ്പ ലഭിക്കാൻ സമയമെടുക്കുന്നത് പലപ്പോഴും ആവശ്യക്കാരെ ബുദ്ധിമുട്ടിൽ ആക്കാറുണ്ട്. ഈ അവസരം മുതലെടുത്തുകൊണ്ട് ഒരു മിനിറ്റുകൾക്കുള്ളിൽ വായ്പ അനുവദിക്കുന്ന രീതിയിൽ പല ലോൺ ആപ്പുകളും രംഗത്ത് വന്നിരുന്നു. ഇവയിൽ തട്ടിപ്പുകാരും ഉണ്ടായിരുന്നു. ഇതുമൂലവും നിരവധിപേർ ബുദ്ധിമുട്ടി. എന്നാൽ ഇതിനെല്ലാം ഒരു പരിഹാരമാണ് ഇപ്പോഴുള്ളത്. നിമിഷങ്ങള്‍ക്കകം പണമിടപാടുകള്‍ പൂര്‍ത്തിയാക്കുന്നതിന് സഹായിക്കുന്ന ഒന്നാണ് യുപിഐ. സമാനമായ രീതിയില്‍ വായ്പകള്‍ ലഭിക്കുന്ന സംവിധാനം നിലവിൽ വരികയാണ്. യുണിഫൈഡ് ലെന്‍ഡിംഗ് ഇന്‍റര്‍ഫേസ് അഥവാ യുഎല്‍ഐ പ്രവര്‍ത്തന സജ്ജമാകുമെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ് അറിയിച്ചു.  പരീക്ഷണാടിസ്ഥാനത്തിൽ  യൂണിഫൈഡ് ലെൻഡിംഗ് ഇന്റർഫേസ് പ്രവർത്തനം കഴിഞ്ഞ വർഷം ആരംഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ആർബിഐ രാജ്യവ്യാപകമായി യുഎൽഐ  പുറത്തിറക്കാൻ തീരുമാനിച്ചത്. ഉടനെ യുഎല്‍ഐ പ്രവർത്തന സജ്ജമാക്കാനാണ് ആർബിഐയുടെ പ്ലാൻ. യുപിഐ പേയ്‌മെന്റ്  സംവിധാനം രൂപാന്തരപ്പെടുത്തിയത് പോലെ, ഇന്ത്യയിലെ വായ്പാ രംഗം മാറ്റി മറിക്കുന്നതിൽ യുഎൽഐ വലിയ പങ്ക് വഹിക്കുമെന്ന്  പ്രതീക്ഷിക്കുന്നതായി  ഡിജിറ്റൽ പബ്ലിക് ഇൻഫ്രാസ്ട്രക്ചർ ആൻഡ് എമർജിംഗ് ടെക്നോളജീസ് സംബന്ധിച്ച ആഗോള സമ്മേളനത്തിൽ ആർബിഐ ഗവർണർ പറഞ്ഞു.   ഭൂരേഖകൾ ഉൾപ്പെടെ വിവിധ രേഖകൾ  വായ്പ നൽകുന്നവരിലേക്ക് ഡിജിറ്റൽ ആയി ലഭ്യമാക്കുക വഴി  യുഎൽഐ  പ്ലാറ്റ്‌ഫോമിലൂടെ വായ്പ അതിവേഗം ലഭ്യമാക്കുന്നതിന് സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇത് കർഷകർക്കും ചെറുകിട ഇടത്തരം സംരംഭങ്ങൾക്കും വായ്പാ ലഭ്യത ഉറപ്പാക്കും. ആർബിഐയുടെ പൂർണ ഉടമസ്ഥതയിലുള്ള സബ്‌സിഡിയറിയായ റിസർവ് ബാങ്ക് ഇന്നൊവേഷൻ ഹബ് (ആർബിഐഎച്ച്) വഴിയാണ് യുഎൽഐ വികസിപ്പിച്ചത്.  ബാങ്കിംഗ് സേവനങ്ങള്‍ പൂര്‍ണമായി ഡിജിറ്റൽ ആക്കുക  ലക്ഷ്യത്തിന്റെ ഭാഗമായാണ് ആർബിഐയുടെ ഈ പദ്ധതി.   യുഎൽഐയുടെ പ്രധാന പ്രത്യേകതകൾ  * ചെറുകിട വായ്പക്കാർക്കുള്ള വായ്പ ലഭ്യമാക്കുന്നതിന്റെ ഭാഗമായുള്ള മൂല്യനിർണ്ണയം അതിവേഗത്തിൽ തയ്യാറാക്കുന്നു * സ്വകാര്യ വിവരങ്ങളുടെ പരിരക്ഷ ഉറപ്പാക്കിയിരിക്കുന്നു * വ്യത്യസ്തമായ രേഖകളും വിവരങ്ങളും  വായ്പാ ദാതാക്കൾക്ക് എളുപ്പത്തിൽ ലഭ്യമാക്കുന്നു * ഒന്നിലധികം സംവിധാനങ്ങളുടെ സംയോജനം വഴിയുണ്ടാകുന്ന സങ്കീർണത ലഘൂകരിക്കുന്നു    

Post a Comment

Previous Post Next Post