ന്യൂയോര്‍ക്ക്: ടെക്കികളുടെ സ്വപ്ന തൊഴിലിടങ്ങളിലൊന്നാണ് ഗൂഗിള്‍ എന്ന കാര്യത്തില്‍ തര്‍ക്കം കാണില്ല. ലോകത്തെ ഏറ്റവും വലിയ ടെക്-ഐടി കമ്പനികളിലൊന്നായ ഗൂഗിളില്‍ ഒരു ജോലി കിട്ടിയാല്‍ അത് സ്വപ്ന സാഫല്യമാണ് തൊഴിലന്വേഷകര്‍ക്ക്. ഗൂഗിളില്‍ ജോലി സ്വപ്നം കാണുന്നവര്‍ എന്തൊക്കെ സ്കില്‍ ഉള്ളവരായിരിക്കണം എന്ന സംശയം പലര്‍ക്കും കാണും. അതിനുള്ള ഉത്തരം ഗൂഗിളിന്‍റെയും അതിന്‍റെ മാതൃകമ്പനിയായ ആല്‍ഫബറ്റിന്‍റെയും സിഇഒയായ സുന്ദര്‍ പിച്ചൈ തന്നെ പറയുന്നുണ്ട്. പീയര്‍ ടു പീയര്‍ കോണ്‍വര്‍സേഷന്‍ എന്ന ഷോയിലാണ് ഗൂഗിളിലെ ജോലി സാധ്യതയെ കുറിച്ച് കമ്പനി സിഇഒ സുന്ദര്‍ പിച്ചൈ മനസുതുറന്നത്. സാങ്കേതികമായി മികവുള്ളവരായിരിക്കണം എന്നതിന് പുറമെ ഗൂഗിളിന്‍റെ സാഹചര്യങ്ങളിലേക്ക് വേഗം പൊരുത്തപ്പെടാന്‍ കഴിയുന്നവരുമായിരിക്കണം തൊഴിലന്വേഷകര്‍ എന്ന് പിച്ചൈ ഷോയില്‍ പറഞ്ഞു. ഓരോ സെക്കന്‍ഡിലും മാറ്റം സംഭവിച്ചുകൊണ്ടിരിക്കുന്ന ഐടി രംഗത്ത് തിളങ്ങാന്‍ കെല്‍പ്പുള്ള 'സൂപ്പര്‍ സ്റ്റാര്‍ സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍'മാരെ ആല്‍ഫബറ്റ് എപ്പോഴും തിരയാറുണ്ട് എന്നും സുന്ദര്‍ പിച്ചൈ കൂട്ടിച്ചേര്‍ത്തു.
ഗൂഗിളിലെ ജോലി സംസ്‌കാരം കമ്പനിയിലെ ജോലിക്കാരുടെ ക്രിയാത്മകതയിലും കണ്ടെത്തലുകളിലും നിര്‍ണായക സ്വാധീനം ചൊലുത്താറുണ്ട് എന്നും സുന്ദര്‍ പിച്ചൈ പറയുന്നു. ഗൂഗിള്‍ സൗജന്യ ഭക്ഷണം തൊഴിലാളികള്‍ക്ക് കാലങ്ങളായി നല്‍കാറുണ്ട്. ഇത് കൂട്ടായ്‌മകള്‍ സൃഷ്ടിക്കുന്നതായും പുതിയ ഐഡിയകള്‍ക്ക് മരുന്നിടുന്നതായുമാണ് പിച്ചൈയുടെ അനുഭവം. ഈ സംരംഭങ്ങളുടെ മൂല്യം ചെലവുകളേക്കാൾ വളരെ ഉയരെയാണ് എന്ന് പിച്ചൈ നിരീക്ഷിക്കുന്നു. ഗൂഗിളിലെ തന്‍റെ തുടക്കകാലത്ത് എങ്ങനെയാണ് കഫേയിലെ അപ്രതീക്ഷിത ചര്‍ച്ചകള്‍ ആകാംക്ഷാജനകമായ പുതിയ ആലോചനകള്‍ക്കും പ്രൊജക്ടുകള്‍ക്കും കാരണമായത് എന്ന് സുന്ദര്‍ പിച്ചൈ ഷോയില്‍ ഓര്‍മിച്ചു. 2024ലെ കണക്കുകള്‍ പ്രകാരം 179,000ലേറെ പേരാണ് ഗൂഗിളില്‍ ജോലി ചെയ്യുന്നത്. ജോലി ഓഫര്‍ ലഭിച്ചവരില്‍ 90 ശതമാനം പേരും ഗൂഗിളില്‍ ചേര്‍ന്നതായി സുന്ദര്‍ പിച്ചൈ പറയുന്നു. ഐടി മേഖല വലിയ വെല്ലുവിളികള്‍ നേരിടുന്നതിനാല്‍ ഇതിനെ അഭിമാനകരമായ നേട്ടം എന്നാണ് അദേഹം വിശേഷിപ്പിക്കുന്നത്.
Post a Comment