ഇന്ത്യന്‍ ഓഹരി വിപണി ചരിത്രത്തിലെ വമ്പന്‍ ഐപിഒയുമായി ജിയോ; തയ്യാറെടുക്കുന്നത് റെക്കോര്‍ഡ് തുക സമാഹരണത്തിനായി

 


ഇന്ത്യന്‍ ഓഹരി വിപണിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രാഥമിക ഓഹരി വില്‍പനയ്ക്ക് തയ്യാറെടുത്ത് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്‍റെ  ടെലികോം ശാഖയായ ജിയോ. ഏകദേശം 35,000-40,000 കോടി രൂപ സമാഹരിക്കാന്‍ ലക്ഷ്യമിട്ടാണ് ഐപിഒ. ഈ വമ്പന്‍ ഐപിഒ ഈ വര്‍ഷം രണ്ടാം പകുതിയില്‍ നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രീ-ഐപിഒ പ്ലേസ്മെന്‍റിനായുള്ള ചര്‍ച്ചകള്‍ ഇതിനകം ആരംഭിച്ചിട്ടുണ്ടെന്നും നിലവിലുള്ളതും വാഗ്ദാനം ചെയ്യുന്നതുമായ ഓഹരികളുടെ അന്തിമ അനുപാതം ഇതുവരെ തീരുമാനിച്ചിട്ടില്ലെന്നും റിലയന്‍സ് അറിയിച്ചു. 2024 ഒക്ടോബറില്‍ നടന്ന ഹ്യൂണ്ടായ് ഇന്ത്യയുടെ 27,870 കോടി രൂപയുടെ ഐപിഒയെ മറികടക്കുന്നതായിരിക്കും ജിയോയുടെ ഐപിഒ.  റിലയന്‍സ് ജിയോയുടെ വിപണി മൂല്യം ഏകദേശം 8.4 ലക്ഷം കോടി രൂപയായാണ് കണക്കാക്കിയിരിക്കുന്നത്.  ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വരിക്കാരുള്ള ടെലികോം കമ്പനിയാണ് ജിയോ. ഏകദേശം 47.9 കോടി വരിക്കാരാണ്  ജിയോയ്ക്കുള്ളത.് ഇന്ത്യയില്‍ ടെലിഫോണ്‍, ബ്രോഡ്ബാന്‍ഡ് സേവനങ്ങള്‍, ഡിജിറ്റല്‍ സേവനങ്ങള്‍ എന്നിവ നല്‍കുന്ന ഏറ്റവും വലിയ കമ്പനിയാണ് റിലയന്‍സ് ജിയോ.   ഇന്ത്യയില്‍ സ്റ്റാര്‍ലിങ്ക് ഇന്‍റര്‍നെറ്റ് സേവനം ആരംഭിക്കുന്നതിനായി റിലയന്‍സ് ജിയോ  ഇലോണ്‍ മസ്കുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാനിരിക്കുകയാണ്. ഗൂഗിളും ജിയോയും എന്‍വിഡിയയും സഹകരിച്ച് ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് അടിസ്ഥാന സൗകര്യം വികസിപ്പിക്കുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്.  റിലയന്‍സ് ജിയോയില്‍ വിദേശ നിക്ഷേപകര്‍ക്ക് ഏകദേശം 33 ശതമാനം ഓഹരിയുണ്ട്. അബുദാബി ഇന്‍വെസ്റ്റ്മെന്‍റ് അതോറിറ്റി, കെകെആര്‍, സില്‍വര്‍ ലേക്ക് തുടങ്ങിയ നിക്ഷേപകര്‍ 2020-ലെ കോവിഡ് മഹാമാരിയുടെ സമയത്ത് ഏകദേശം 18 ബില്യണ്‍ ഡോളര്‍ കമ്പനിയില്‍ നിക്ഷേപിച്ചിരുന്നു  ജിയോയുടെ ഐപിഒയ്ക്ക് പുറമേ ഈ വര്‍ഷം ടാറ്റ ഗ്രൂപ്പിന്‍റെ ടാറ്റ ക്യാപിറ്റല്‍ ,എല്‍ജി ഇലക്ട്രോണിക്സ്, ഇ-കൊമേഴ്സ് ഭീമന്‍ ഫ്ലിപ്കാര്‍ട്ട് എന്നിവയുടെ ഐപിഒകളും നടക്കുമെന്നാണ് സൂചന. 

Post a Comment

Previous Post Next Post