തിരുവനന്തപുരം: ആപ്പിളിന്‍റെ നാലാം തലമുറ എസ്ഇ ബജറ്റ്-ഫ്രണ്ട്‌ലി സ്മാര്‍ട്ട്‌ഫോണിനായുള്ള കാത്തിരിപ്പ് നീളുകയാണ്. 'ഐഫോണ്‍ എസ്ഇ 4' എപ്പോള്‍ പുറത്തിറങ്ങുമെന്ന് കൃത്യമായ തിയതി വ്യക്തമല്ല. എന്തായാലും പുറത്തിറങ്ങുമ്പോള്‍ ഐഫോണ്‍ എസ്ഇ 4 ഉപയോക്താക്കള്‍ക്ക് വലിയ ആശ്ചര്യം സൃഷ്ടിക്കുമെന്നാണ് റിപ്പോര്‍ട്ട്. 2022-ല്‍ വിപണിയിലെത്തിയ ഐഫോണ്‍ എസ്ഇ മൂന്നാം തലമുറയുമായി താരതമ്യം ചെയ്യുമ്പോള്‍ എസ്ഇ 4ല്‍ വരുന്ന അഞ്ച് ബിഗ് അപ്‌ഗ്രേഡുകള്‍ പരിശോധിക്കാം.
1. ഐഫോണ്‍ 14ന് സമാന ഡിസൈന്‍, വലിയ ഡിസ്പ്ലെ ഐഫോണ്‍ എസ്ഇ 4 ലോഞ്ചിംഗിനായി തയ്യാറെടുക്കുന്നത് ഐഫോണ്‍ 14 ഡിസൈനോടെയാണ്. എസ്ഇ മൂന്നാം തലമുറയുമായി താരതമ്യം ചെയ്യുമ്പോള്‍ വലിപ്പക്കൂടുതലുള്ള ഡിസ്പ്ലെ (6.1 ഇഞ്ച് ഒലെഡ്), ചെറിയ ബെസ്സല്‍സ് എന്നിവ ഈ ഡിസൈനില്‍ ആകര്‍ഷകമാകും. ആപ്പിളിന്‍റെ ക്ലാസിക് ഹോം ബട്ടണ്‍ ഐഫോണ്‍ എസ്ഇ 4-ല്‍ നിന്നും അപ്രത്യക്ഷമാകും എന്നുമാണ് സൂചന.
2. എ18 പ്രൊസസര്‍, 8 ജിബി റാം ആപ്പിളിന്‍റെ ഏറ്റവും അവസാനം പുറത്തിറങ്ങിയ ഐഫോണ്‍ 16 ഫ്ലാഗ്ഷിപ്പുകള്‍ക്ക് കരുത്ത് പകരുന്ന എ18 ചിപ്പിലാണ് ഐഫോണ്‍ എസ്ഇ 4 ഒരുക്കിയിരിക്കുന്നത് എന്നാണ് വിവരം. ഏത് ടാസ്കും അനായാസം നിര്‍വഹിക്കാന്‍ ശക്തിയുള്ള പ്രൊസസറാണിത്. മൂന്ന് ജിബി റാമിന് പകരം 8 ജിബി റാമും ഐഫോണ്‍ എസ്ഇ 4-ല്‍ വന്നേക്കും. 128 ജിബി ആയിരിക്കും അടിസ്ഥാന സ്റ്റോറേജ് വേരിയന്‍റ്.
3. ആപ്പിള്‍ ഇന്‍റലിജന്‍സ് ആപ്പിളിന്‍റെ സ്വന്തം എഐയായ 'ആപ്പിള്‍ ഇന്‍റലിജന്‍സ്' ഐഫോണ്‍ എസ്ഇ 4ലുണ്ടാകും എന്ന അഭ്യൂഹം ശക്തമാണ്. ആപ്പിള്‍ അവരുടെ എല്ലാ പുതിയ തലമുറ ഫോണുകളെയും എഐ അധിഷ്ഠിതമാക്കി മാറ്റുന്നതിന്‍റെ ഭാഗമായാണിത്. അതിശക്തമായ ചിപ്പും 8 ജിബി റാമും ഉള്‍പ്പെടുമെന്നത് ഐഫോണ്‍ എസ്ഇ 4-ല്‍ ആപ്പിള്‍ ഇന്‍റലിജന്‍സ് ഫീച്ചറുകളുണ്ടാകും എന്ന സൂചന സജീവമാക്കുന്നു. 4. 48 എംപി റീയര്‍ ക്യാമറ 2022-ല്‍ ഐഫോണ്‍ എസ്ഇ മൂന്നാം തലമുറ സ്മാര്‍ട്ട്‌ഫോണ്‍ ആപ്പിള്‍ പുറത്തിറക്കുമ്പോള്‍ ക്യാമറ 12 എംപിയുടേതായിരുന്നു. എന്നാല്‍ എസ്ഇ 4-ലെ സിംഗിള്‍ റീയര്‍ ക്യാമറ 48 മെഗാപിക്‌സലിന്‍റെതായിരിക്കും എന്ന് ഇതിനകം അനേകം റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ട്. സെല്‍ഫി ക്യാമറയിലും വമ്പന്‍ അപ്‌ഡേറ്റ് വന്നേക്കാം. വീഡിയോ കോളിംഗിനും സെല്‍ഫിക്കുമായി മുന്‍ ക്യാമറ 24 എംപിയുടേതായിരിക്കും എന്നാണ് അറിയാന്‍ കഴിയുന്നത്. 5. ഫേസ് ഐഡി എസ്ഇ ഫോണ്‍ മോഡലുകളുടെ ചരിത്രത്തിലാദ്യമായി ഐഫോണ്‍ എസ്ഇ 4-ല്‍ ഫേസ് ഐഡി ഉള്‍പ്പെടുത്താനൊരുങ്ങുകയാണ് ആപ്പിള്‍. ഇതും വലിയ ആകാംക്ഷ സൃഷ്ടിക്കുന്ന ഫീച്ചറാണ്.
Post a Comment