ഈ ​ഗ്രാമത്തിന് ഇതല്ലാതെ മറ്റെന്ത് പേര് നൽകും? ആരും കൊതിക്കുന്ന ​ഗ്രാമം കാണാൻ കനകക്കുന്നിൽ വൻതിരക്ക്!



തിരുവനന്തപുരം: മാലിന്യസംസ്ക്കരണം നിങ്ങൾക്കൊരു പ്രശ്നമാണെങ്കിൽ പരിഹാരത്തിനായി വൃത്തിയൂർ ഗ്രാമത്തിലേക്ക് വരാം. തിരുവനന്തപുരം കനകക്കുന്നിലെ വൃത്തി ശുചിത്വ കോൺക്ലേവിലാണ് വൃത്തിയൂർ എന്ന മാതൃകാ ഗ്രാമമുള്ളത്. വൃത്തിയൂർ ആരും കൊതിക്കുന്ന ഗ്രാമമാണ്.  മാലിന്യസംസ്കരണത്തിലെ പരമ്പരാഗത-നൂതന വിദ്യകളെ കോർത്തിണക്കി ഓരോ ഭൂപ്രദേശവും മാലിന്യമുക്തമാക്കുന്നത് എങ്ങനെയെന്നതിന്‍റെ ഉത്തമ മാതൃക. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, പൊലീസ് സ്റ്റേഷൻ, കെഎസ്ആർടിസി ബസ് സ്റ്റാൻഡുകൾ, വീടുകൾ, കൊമേഴ്സ്യൽ സ്ഥാപനങ്ങൾ, അർബൻ സെന്‍ററുകൾ എന്നിവിടങ്ങളിലെ മാലിന്യ സംസ്കരണ രീതികളെ തരംതിരിച്ച് ശുചിത്വമിഷൻ വിഭാവനം ചെയ്തിരിക്കുന്ന സംസ്കരണ രീതികൾ  ഇവിടെ കാണാനാകും  മലിനജനം പ്രകൃതിയാൽ ശുദ്ധീകരിക്കുകയും ഭൂഗർഭ ജലസ്രോതസ്സിന് കാരണമാവുകയും ചെയ്യുന്ന സോക്ക് പിറ്റുകൾ, ജലക്ഷാമത്തിനുള്ള ഉത്തമപരിഹാരമായ മഴവെള്ള സംഭരണ യൂണിറ്റുകളും ഡീവാറ്റ്സ്, കൺസ്രക്ട്ഡ് വെറ്റ് ലാൻഡ്, സി ആന്‍ഡ് ഡി പ്ലാന്റ്, വിൻഡ്റോ കമ്പോസ്റ്റിങ് എന്നിങ്ങനെ മാലിന്യ സംസ്കരണത്തിലെ, പ്രകൃതിയോടിണങ്ങിയ പ്രവർത്തന രീതികൾ മാതൃകയിൽ കാഴ്ചക്കാർക്കായി ഒരുക്കിയിട്ടുണ്ട്. സംസ്കരണ രീതികളെ കുറിച്ച് കൂടുതൽ അറിയുവാനായി വിവരണങ്ങളും നൽകിയിട്ടുണ്ട്. മികച്ച രീതിയിൽ തയ്യാറാക്കിയിരിക്കുന്ന ഈ മാതൃകാ ഗ്രാമം കാണാൻ കുട്ടികളുടെയും മുതിർന്നവരുടെയും വൻ തിരക്കാണ്. പ്രദർശനത്തിലെ വൃത്തിയൂർ ഗ്രാമം കേരളമാകെ പകർത്തണമെന്നാണ് ശുചിത്വമിഷൻ സങ്കല്പം.    

Post a Comment

Previous Post Next Post