3 ലക്ഷം രൂപ വെട്ടിക്കുറച്ചു! 6 മാസം ഫ്രീ ചാർജിംഗും; ടാറ്റയുടെ ഇലക്‌ട്രിക് കാറുകൾക്ക് ഇതുവരെ കാണാത്ത വൻ വിലക്കുറവ്

 


ഇലക്‌ട്രിക് കാറുകൾ ജനപ്രിയമായിക്കൊണ്ടിരിക്കുന്ന സമയമാണിത്. കുറഞ്ഞ വിലയുള്ള എംജി കോമെറ്റും ടാറ്റ ടിയാഗോ ഇവിയുമെല്ലാം വാങ്ങാൻ ആളുകൾ കൂട്ടത്തോടെ എത്തുമ്പോൾ വാഹന നിർമാതാക്കളെല്ലാം വൈദ്യുത വാഹന നിർമാണത്തിലേക്ക് കടക്കുകയാണ്. എന്നിരുന്നാലും ഈ സാധ്യതകളെല്ലാം മനസിലാക്കി ഇന്ത്യക്കാരെ ഇവിയിലേക്ക് കൂടുമാറ്റം നടത്താൻ പഠിപ്പിച്ചവർ ടാറ്റ മോട്ടോർസ് ആണെന്ന് വേണം പറയാൻ. നെക്സോൺ ഇവിയിലൂടെ തുടങ്ങിയ ജൈത്ര യാത്ര എത്തി നിൽക്കുന്നത് പഞ്ച് ഇലക്ട്രിക് എസ്‌യുവി വരെയാണ്. എല്ലാ മോഡലുകളും ഒന്നിനൊന്നിന് ഹിറ്റടിച്ചപ്പോൾ ആളുകളും കമ്പനിയും ഒരേപോലെ ഹാപ്പിയാണ്.


പക്ഷേ വലിയ മുതൽമുടക്കി ഇവിയിലേക്ക് കൂടുമാറാൻ താത്പര്യമില്ലാത്തവരാണ് ഭൂരിഭാഗം ആളുകളും. കൂടുതൽ റേഞ്ചുള്ള പഞ്ച് ഇവി അല്ലെങ്കിൽ നെക്സോൺ ഇവി എന്നിവയിലേക്ക് മാറാൻ ആഗ്രഹമുണ്ടെങ്കിലും 15 ലക്ഷത്തിലധികം മുടക്കണമല്ലോയെന്ന് ഓർത്ത് വിഷമിക്കുന്നവരുമുണ്ട്. എന്നാൽ ഇപ്പോഴിതാ എല്ലാത്തരം ആളുകളേയും മോഹിപ്പിക്കാൻ ടാറ്റ മോട്ടോർസ് ഒരു പ്രഖ്യാപനം നടത്തിയിരിക്കുകയാണിപ്പോൾ.


മറ്റൊന്നുമല്ല ജനപ്രിയ ഇലക്‌ട്രിക് കാറുകളുടെ വില കുത്തനെ വെട്ടിക്കുറച്ചതാണ് സംഭവം. 'ഫെസ്റ്റിവൽ ഓഫ് കാർസ്' ആഘോഷത്തിൻ്റെ ഭാഗമായി ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ഇലക്ട്രിക് വാഹനങ്ങൾക്ക് (ഇവി) തകർപ്പൻ വിലയിൽ വാങ്ങാനുള്ള അവസരമാണ് കമ്പനി ഒരുക്കിയിരിക്കുന്നത്. ടിയാഗോ ഇവി, പഞ്ച് ഇവി, നെക്സോൺ ഇവി എന്നിവയുൾപ്പെടെയുള്ള ജനപ്രിയ മോഡലുകളിൽ മുമ്പൊരിക്കലും കണ്ടിട്ടില്ലാത്ത വിലയും ആനുകൂല്യങ്ങളുമാണ് അവതരിപ്പിച്ചിരിക്കുന്നത്.


ഇലക്ട്രിക് വാഹനങ്ങൾ ജനങ്ങളിലേക്ക് കൂടുതൽ അടുപ്പിക്കുക എന്നതാണ് ടാറ്റയുടെ ലക്ഷ്യം. ഇന്ത്യയിലുടനീളമുള്ള വാഹന നിർമാതാക്കൾ വിൽപ്പനയിൽ ഇടിവ് നേരിടുന്ന സാഹചര്യത്തിലാണ് ഈ ധീരമായ നീക്കമെന്നതും എടുത്തു പറയേണ്ട കാര്യമാണ്. പുതിയ പ്രഖ്യാപനത്തിലൂടെ ടാറ്റ നെക്സോൺ ഇവിയുടെ വില വെറും 12.49 ലക്ഷം രൂപയായി ബ്രാൻഡ് കുറച്ചു. അതേസമയം പഞ്ച് ഇവി 9.99 ലക്ഷത്തിനും വീട്ടിലെത്തിക്കാം.


ഇനി ടിയാഗോ ഇവിയാണ് വേണ്ടതെങ്കിൽ വെറും 7.99 ലക്ഷം രൂപയും മുടക്കിയാൽ മതിയാവും. ഫെസ്റ്റിവൽ ഓഫ് കാർ‌സ് എന്ന പ്രത്യേക നെക്സോൺ ഇവിയിൽ 3 ലക്ഷം രൂപ വരെയും പഞ്ച് ഇവിയിൽ 1.20 ലക്ഷം രൂപ വരെയും ലാഭിക്കാനാകും. ടാറ്റ മോട്ടോർസ് തങ്ങളുടെ ഐസിഇ കാറുകളുടെ വില കുറച്ചതിന് തൊട്ടുപിന്നാലെ വൈദ്യുത വാഹന രംഗത്തേക്കും വിലക്കുറവ് പ്രഖ്യാപിക്കുന്നത്.


ഇനി വിലയുടെ കാര്യം പറഞ്ഞ് ആളുകൾ ഇലക്ട്രിക് വാഹനം വാങ്ങിതിരിക്കേണ്ട എന്നതാണ് സാരാംശം. ഈ ഓഫർ പരിമിത കാലത്തേക്ക് മാത്രമാണ് ലഭ്യമാക്കിയിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. അതായത് കുറഞ്ഞ വില 2024 ഓക്ടോബർ 31 വരെ ബാധകമായിരിക്കുമെന്നാണ് ടാറ്റ മോട്ടോർസ് അറിയിച്ചിരിക്കുന്നത്. വണ്ടി വാങ്ങിയാലും ചാർജിംഗിന്റെ കാര്യമോർത്ത് തലപുകയ്ക്കുന്നവർക്കുള്ള ഉത്തരവും ടാറ്റ പ്രഖ്യാപിച്ചിട്ടുണ്ട്.


ടാറ്റ ഇലക്ട്രിക് കാറുകളിൽ ഏതെങ്കിലും സ്വന്തമാക്കുന്നവർക്ക് ടാറ്റ പവർ ചാർജറുകളിലെ കോംപ്ലിമെൻ്ററി പബ്ലിക് ചാർജിംഗ് സ്റ്റേഷനുകൾ വഴി 6 മാസത്തേക്ക് ഫ്രീയായി ചാർജും ചെയ്യാം. രാജ്യത്തുടനീളമുള്ള 5,500-ലധികം ടാറ്റ പവർ ചാർജിംഗ് സ്റ്റേഷനുകളിൽ നിന്ന് ആറ് മാസത്തെ സൗജന്യ ചാർജിംഗിൻ്റെ പ്രയോജനം ലഭിക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. ദീർഘദൂര യാത്രകൾ പോലും ലളിതമാക്കുന്ന ഈ സംഗതിയും കളറായിട്ടുണ്ട്.


40.5 kWh, 30 kWh എന്നിങ്ങനെ രണ്ട് ബാറ്ററി പായ്ക്ക് ഓപ്ഷനുകളില്‍ നെക്‌സോണ്‍ ഇവി വാങ്ങാവുന്നതാണ്. ഇലക്ട്രിക് എസ്‌യുവിയുടെ 40.5 kWh വേരിയന്റുകൾക്ക് 390 കിലോമീറ്ററും 30 kWh വേരിയന്റുകൾക്ക് 275 കിലോമീറ്ററും റേഞ്ച് നല്‍കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. 35 kWh, 25 kWh. എന്നിങ്ങനെ രണ്ട് ബാറ്ററി പായ്ക്ക് ഓപ്ഷനുകളിലാണ് ടാറ്റയുടെ ജനപ്രിയ മൈക്രോ എസ്‌യുവിയായ പഞ്ച് ഇവി ഓഫര്‍ ചെയ്യുന്നത്. 5 kWh ബാറ്ററിക്ക് 365 കിലോമീറ്ററും 25 kWh ബാറ്ററിക്ക് 265 കിലോമീറ്ററുമാണ് റേഞ്ച്.


Post a Comment

Previous Post Next Post