യാത വിമാനത്തിൽ ആണെങ്കിൽ പലപ്പോഴും മിക്ക യാത്രക്കാരും വിമാനത്താവളത്തിൽ നിന്ന് ഭക്ഷണം വാങ്ങുന്നതിന് മുൻപ് മിനിമം രണ്ട് തവണയെങ്കിലും ചിന്തിക്കും. കാരണം അതിന്റെ ചെലവ് തന്നെ. അതുകൊണ്ടുതന്നെ പലപ്പോഴും വീട്ടിൽ നിന്ന് ഭക്ഷണം കൊണ്ടുപോകാനോ, ഭക്ഷണം ഒഴിവാക്കാനോ മിക്ക യാത്രക്കാരും നിർബന്ധിതരാകാറുണ്ട്. എന്നാൽ ഇനി ഇങ്ങനെ ഒരു അഡ്‌ജസ്റ്റ്റ്മെന്റ് വേണ്ടി വരില്ല, വിമാനത്താവളത്തിലെ ഭക്ഷണം പോക്കറ്റ് ഫ്രണ്ട്‌ലി ആയി മാറും എന്നാണ് സൂചന. വിമാനത്താവളങ്ങളിൽ മിതമായ നിരക്കിൽ ഭക്ഷണപാനീയങ്ങൾ വിൽക്കുന്ന ഇക്കോണമി സോണുകൾ അവതരിപ്പിക്കാൻ സർക്കാർ പദ്ധതിയിടുന്നതായാണ് റിപ്പോർട്ട്. വിമാനത്താവളങ്ങളിൽ ഇക്കോണമി സോണുകൾ ആരംഭിക്കുന്നതിനുള്ള തീരുമാനത്തിന് സിവിൽ ഏവിയേഷൻ മന്ത്രാലയം അന്തിമ രൂപം നൽകിയതായാണ് എൻഡിടിവി റിപ്പോർട്ട്. എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ (എഎഐ), എയർപോർട്ട് ഫുഡ് ഔട്ട്‌ലെറ്റുകൾ, ബന്ധപ്പെട്ട ഏജൻസികൾ എന്നിവരുമായി ചർച്ച നടത്താനിരിക്കുകയാണെന്നാണെന്നും റിപ്പോർട്ടിൽ പറയുന്നു. അതേസമയം, ഈ ഇക്കോണമി സോണുകളിൽ ഒരു സാധാരണ റെസ്റ്റോറൻ്റ് പോലെ ആയിരിക്കില്ല ഇവയുടെ പ്രവർത്തനം എന്നാണ് സൂചന. യാത്രക്കാർ കൗണ്ടറുകളിൽ നിന്ന് ഭക്ഷണം വാങ്ങുകയും ഫാസ്റ്റ് ഫുഡ് ടേബിളിൽ നിന്ന് ഭക്ഷണം കഴിക്കുകയും വേണം. കൂടാതെ ഈ സോണുകൾക്ക് ടേക്ക് എവേ സൗകര്യങ്ങളും ഒരുക്കും. പുതുതായി നിർമിക്കുന്ന വിമാനത്താവളങ്ങളിൽ ഈ ഇക്കണോമി സോണുകൾ അവതരിപ്പിക്കുമെന്ന് റിപ്പോർട്ടിൽ പറയുന്നു. വിമാനത്താവളങ്ങളിൽ വിൽക്കുന്ന വിലകൂടിയ ഭക്ഷണത്തെക്കുറിച്ച് നിരവധി പരാതികൾ ലഭിച്ച സാഹചര്യത്തിലാണ് നീക്കം. സെപ്തംബറിൽ മുൻ ധനമന്ത്രി പി ചിദംബരവും ഉയർന്ന വിലയെ കുറിച്ച് സോഷ്യൽ മീഡിയ പ്ലാറ്റഫോമായ എക്‌സിൽ കുറിച്ചിരുന്നു. കൊൽക്കത്ത വിമാനത്താവളത്തിൽ, ഒരു കപ്പ് ചായക്ക് നൽകേണ്ടി വന്ന വില 340 രൂപയാണ് എന്നാണ് അദ്ദേഹം പങ്കുവെച്ചത്. ചെന്നൈ എയർപോർട്ടിൽ ഇതിന്റെ വില 80 രൂപയാണെന്നും അദ്ദേഹം പറയുന്നു. പ്രത്യക്ഷത്തിൽ, പണപ്പെരുപ്പം തമിഴ്‌നാടിനേക്കാൾ കൂടുതലാണ് പശ്ചിമ ബംഗാളിൽ എന്നും അദ്ദേഹം എക്‌സിൽ കുറിച്ചിരുന്നു.
ഇനി ബില്ല് കണ്ട് തലകറങ്ങില്ല; വിമാനത്താവളങ്ങളിലെ ഭക്ഷണത്തിന് വില കുറയും
News
0
Post a Comment