ജർമ്മൻ ആഡംബര കാർ നിർമ്മാതാക്കളായ മെഴ്‌സിഡസ്-എഎംജി ഇലക്ട്രിക് സൂപ്പർ എസ്‌യുവി പുറത്തിറക്കാൻ ഒരുങ്ങുന്നു. എഎംജി. ഇഎ (AMG.EA) പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ളതായിരിക്കും ഈ മോഡൽ. ഈ ആർക്കിടെക്ചർ ഉപയോഗിക്കുന്ന രണ്ടാമത്തെ ഇലക്ട്രിക് കാറായിരിക്കും ഇത് . ഈ കാർ പൂർണ്ണമായും എഎംജിയാണ് വികസിപ്പിക്കുക എന്നാണ് റിപ്പോർട്ടുകൾ. രണ്ടാം തലമുറ മെഴ്‌സിഡസ്-എഎംജി ജിടി 4-ഡോർ കൂപ്പെയുടെ പിൻഗാമിയായി സൂപ്പർ എസ്‌യുവി 2026-ൽ എത്തുമെന്ന് പ്രതീക്ഷിക്കുന്നു. ലോട്ടസ് ഇലക്‌ട്ര, വരാനിരിക്കുന്ന പോർഷെ കയെൻ ഇലക്ട്രിക്, ബിഎംഡബ്ല്യു എക്സ്എം ഹൈബ്രിഡ് എന്നിവയുമായാണ് പുതിയ മോഡൽ മത്സരിക്കുക. എഎംജിയിൽ നിന്നുള്ള പുതിയ സൂപ്പർ എസ്‌യുവി നിലവിലുള്ള മെഴ്‌സിഡസ്-എഎംജി ജിഎൽഇ 63-ന് പകരം എത്തുന്ന വലുതും ആഡംബരപൂർണവുമായ മോഡൽ ആയിരിക്കും. 5.1 മീറ്റർ നീളവും 3.0 മീറ്ററിൽ കൂടുതൽ വീൽബേസും ഉള്ള, 2022-ൽ കാണിച്ച ലോ-സ്ലംഗ് വിഷൻ എഎംജി കൺസെപ്റ്റിന് സമാനമാണ് ഇതിൻ്റെ വലുപ്പമെന്ന് ഓട്ടോകാർ യുകെ റിപ്പോർട്ട് ചെയ്യുന്നു. ഏറ്റവും പുതിയ കാറിൻ്റെ രേഖാചിത്രത്തിലെ സിലൗറ്റ് സ്കെച്ചിൽ നിന്നും വാഹനത്തിന്‍റെ ചെറുതായി ചരിഞ്ഞ മേൽക്കൂരയുടെ ഒരു ദൃശ്യം വ്യക്തമാകുന്നു. നൂതന ഇലക്ട്രിക് മോട്ടോറുകൾ ഉപയോഗിക്കുന്നതിനായി AMG.EA പ്ലാറ്റ്‌ഫോം പരിഷ്‌ക്കരിച്ചിരിക്കുന്നു. ഈ ഫ്ലക്‌സ് മോട്ടോറുകൾക്ക് 480bhp വരെ കരുത്ത് നൽകാൻ സാധിക്കും. 24 കിലോഗ്രാം വരെ ഭാരവുമുണ്ട് ഇതിന്. രണ്ട് മോട്ടോർ സജ്ജീകരണത്തിൽ ഇതിന് ഏകദേശം 1,000 ബിഎച്ച്പി പവർ ഉത്പാദിപ്പിക്കാൻ കഴിയും. തങ്ങളുടെ സാങ്കേതികവിദ്യ നാലിരട്ടി ടോർക്കും ഇരട്ടി ശക്തിയും നൽകുന്നുവെന്ന് കമ്പനി അവകാശപ്പെടുന്നു. 800-വോൾട്ട് ആർക്കിടെക്ചറും എഎംജി ബാറ്ററി പാക്കും ഇതിലുണ്ടാകും. ഈ കാർ അടുത്ത വർഷം പുറത്തിറക്കിയേക്കും എന്നാണ് റിപ്പോർട്ടുകൾ.
Post a Comment